English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

ആദിവാസി ഗോത്രവര്‍ഗ്ഗ ജനതയാണ് ഇവിടുത്തെ ആദിമനിവാസികള്‍. എ.ഡി 1677 മുതല്‍ 1689 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉമയമ്മറാണി മുകിലപ്പടയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിലേക്ക് രക്ഷപ്പെട്ടു. പിന്തുടര്‍ന്ന് എത്തിയ മുകിലപ്പടയെ തോല്‍പ്പിക്കാന്‍ രാജ്ഞി കോട്ടയം കേരളവര്‍മ്മയുടെ സഹായം തേടി. കേരളവര്‍മ്മ മുകിലപ്പടയെ തിരുവട്ടാര്‍ വെച്ചു നടന്ന യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ഉമയമ്മറാണിയെ തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തെന്നു ചരിത്രത്തില്‍ സൂചനകളുണ്ട്. ഉമയമ്മറാണി കോയിക്കല്‍ ആസ്ഥാനത്തേക്ക് വന്നതോടെ ഇവിടേയ്ക്ക് വന്നു കുടിയേറിയവരാണ് കച്ചവടക്കാരായ വെള്ളാളരും, സ്വര്‍ണ്ണപണിക്കാരായ തട്ടാന്‍മാരും, പൂജാരികളായി മാറിയ തമിഴ് ബ്രാഹമണരും മറ്റും. ഇതില്‍ തമിഴ് ബ്രാഹ്മണര്‍ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയുടെയും അവകാശികളായി മാറി. കരിപ്പൂരിലെ കൊട്ടാരം, പുല്ലേകോണത്തു മല്ലന്റെ തറവാട്, കരിപ്പൂര്‍ മുടിപ്പുര എന്നിവ നെടുമങ്ങാടിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രാവശിഷ്ടങ്ങളാണ്. 15-ാം നൂറ്റാണ്ടിലെ കേരളീയ വാസ്തുശില്പ വിദ്യയില്‍ നാലുകെട്ടിന്റെ ആകൃതിയില്‍ പണിതിട്ടുള്ള അപൂര്‍വ്വം ചില മന്ദിരങ്ങളിലൊന്നാണ് നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം. 1979-ല്‍ കോയിക്കല്‍ കൊട്ടാരം എന്ന ഈ ചരിത്രമന്ദിരം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. നെടുമങ്ങാട് ചന്തസമരമാണ് സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇവിടെ അരങ്ങേറിയിട്ടുള്ള ചരിത്രപരമായ സമരങ്ങളിലൊന്ന്. “പുലയസ്കൂള്‍” ആയി പ്രവര്‍ത്തിച്ചുതുടങ്ങിയ എല്‍.എം.എ എല്‍.പി സ്കൂളാണ് ഇവിടെ സ്ഥാപിതമായ ആദ്യവിദ്യാലയം. ചെന്തുപ്പൂര്‍ ദേശസേവിനി വായനശാലയാണ് ഇവിടുത്തെ ആദ്യ ഗ്രന്ഥശാല. കരിമ്പിക്കാവ് ശാസ്താക്ഷേത്രം, ഇണ്ടളയപ്പന്‍ ക്ഷേത്രം, അര്‍ദ്ധനാരീശ്വര ക്ഷേത്രം, മുത്തുമാരിയമ്മന്‍ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മന്‍ ക്ഷേത്രം, പറയരുകാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം, ഏറെ വര്‍ഷത്തെ പഴക്കമുള്ള നെടുമങ്ങാട് ടൌണ്‍ മുസ്ലീംപള്ളി, ക്രിസ്ത്യന്‍ പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. നെടുമങ്ങാടിന്റെ വാണിജ്യചരിത്രം കൃഷിയുമായി ബന്ധപ്പെട്ടതാണ്. തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആണ് നെടുമങ്ങാട് പബ്ളിക് മാര്‍ക്കറ്റ്. മലഞ്ചരക്കുകളുടെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെയും ഏറ്റവും വലിയ വിപണിയാണ് ഇവിടം. കൃഷിവകുപ്പ് യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച അഗ്രിക്കള്‍ച്ചറല്‍ മൊത്ത മാര്‍ക്കറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാനപാതയും, ഷൊര്‍ളക്കോട് - നെടുമങ്ങാട് സംസ്ഥാനഹൈവേയുമാണ് നെടുമങ്ങാട് വഴി കടന്നുപോകുന്ന പ്രധാന അന്തര്‍ സംസ്ഥാന പാതകള്‍. വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്കുള്ള പ്രധാന റോഡ് നെടുമങ്ങാട് വഴിയാണ് കടന്നുപോകുന്നത്. തലസ്ഥാനനഗരവുമായി നെടുമങ്ങാടിനുള്ള അകലം വെറും 18 കിലോമീറ്റര്‍ മാത്രമാണ്. കേരള സംസ്ഥാനത്തില്‍ ആദ്യമായി ഒരു ജനകീയ വിജ്ഞാന നാടന്‍ കലാദൃശ്യമന്ദിരം (ഫോക് ലോര്‍ മ്യൂസിയം), ഒരു നാണയ പ്രദര്‍ശന മന്ദിരം (ന്യൂമിസ്മാറ്റിക് മ്യൂസിയം) എന്നിവ 1992 മാര്‍ച്ച് 27-ന് നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തില്‍ ആരംഭിച്ചു. മുനിസിപ്പല്‍ ആഫീസിന് തൊട്ടടുത്തായാണ് കോയിക്കല്‍ കൊട്ടാരം സംരക്ഷിത ചരിത്ര സ്മാരകമായി സ്ഥിതി ചെയ്യുന്നത്. കോയിക്കല്‍ കൊട്ടാരത്തില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയങ്ങള്‍ കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്. പൊന്മുടി ഹില്‍ റിസോര്‍ട്ടിലേക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്. ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.സി എന്നീ ശാസ്ത്രകേന്ദ്രങ്ങളുടെ അനുബന്ധസ്ഥാപനമായ പി.എസ്.എല്‍.വി. പ്രോജക്ട് നെടുമങ്ങാട് വലിയമലയിലാണ് സ്ഥിതി ചെയ്യുന്നത്. വേങ്കോട് സ്ഥിതി ചെയ്യുന്ന “അമ്മാന്‍ പാറ” ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു വരുന്ന സ്ഥലമാണ്.