English| മലയാളം

ആമുഖം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് നെടുമങ്ങാട് നഗരസഭ സ്ഥിതി ചെയ്യുന്നത്. കരിപ്പൂര്‍, നെടുമങ്ങാട് എന്നീ വില്ലേജുകളിലായി പൂര്‍ണ്ണമായും, അരുവിക്കര, വട്ടപ്പാറ, ആനാട് എന്നീ വില്ലേജുകളിലായി ഭാഗികമായും വ്യാപിച്ചുകിടക്കുന്ന നെടുമങ്ങാട് നഗരസഭയ്ക്ക് 32.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ആനാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് തൊളിക്കോട്, ഉഴമലയ്ക്കല്‍, വെള്ളനാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് അരുവിക്കര, കരകുളം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വെമ്പായം പഞ്ചായത്തുമാണ് നെടുമങ്ങാട് നഗരസഭയുടെ അതിരുകള്‍. പുരാതനകാലത്ത് നെടുവന്‍കാട് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. നെടുവന്‍കാട് ലോപിച്ചാണ് നെടുമങ്ങാട് ആയത്. കിഴക്കുഭാഗത്തേക്ക് പരന്നുകിടന്നിരുന്ന വലിയ കാടിന്റെ വിസ്തൃതിയും നിഗൂഢതയുമായിരിക്കണം ഈ ദേശത്തിന് “നെടുവന്‍ കാട്” എന്ന പേര് നേടിക്കൊടുത്തത്. നെടുവന്‍ എന്ന കാട്ടുകിഴങ്ങ് ധാരാളമായുണ്ടായിരുന്ന കാട് എന്നതില്‍ നിന്നുമാവാം നെടുമങ്ങാട് എന്ന സ്ഥലനാമമുണ്ടായതെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്. ഭൂപ്രകൃതിയനുസരിച്ച് കുന്നുകള്‍, ചെരിവുകള്‍, സമതലങ്ങള്‍ ഇടകലര്‍ന്ന പ്രദേശം എന്നിങ്ങനെ  ഈ പ്രദേശത്തെ തരംതിരിക്കാം. കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തില്‍ ഇടനാട് മേഖലയിലാണ് നെടുമങ്ങാട് നഗരസഭാപ്രദേശം വരുന്നത്. 75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ള പ്രദേശങ്ങളില്‍ പശിമരാശി മണ്ണും മണലുമാണ് കാണപ്പടുന്നത്. 1978 ഏപ്രില്‍ ഒന്നിനാണ് അതുവരെ പഞ്ചായത്തായിരുന്ന നെടുമങ്ങാട് ഒരു മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. ഇന്ദിരക്കുട്ടിയമ്മ ആയിരുന്നു ആദ്യ സ്പെഷ്യല്‍ ഓഫീസര്‍. നഗരസഭയായി മാറിയതിനുശേഷം 1980 ഒക്ടോബര്‍ 2-ന് നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ ആര്‍.കേശവന്‍ നായര്‍ പ്രഥമ നഗരസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 
 

 പൊതുവിവരങ്ങള്‍
 

ജില്ല                                               : തിരുവനന്തപുരം 
വിസ്തീര്‍ണ്ണം                                     : 32.52 ച.കി.മി
കോഡ്                                           : M010300
വാര്‍ഡുകളുടെ എണ്ണം                       : 39
ജനസംഖ്യ                                      : 56138
പുരുഷന്മാര്‍‍                                    : 27246
സ്ത്രീകള്‍‍                                          : 28892
ജനസാന്ദ്രത                                   : 1726
സ്ത്രീ : പുരുഷ അനുപാതം                  : 1060
മൊത്തം സാക്ഷരത                        : 90.92
സാക്ഷരത (പുരുഷന്മാര്‍ )                 : 95.43
സാക്ഷരത (സ്ത്രീകള്‍ )                       : 87.94
Source : Census data 2001